വടകരയെത്തുന്നവരുടെ വയറു നിറയ്ക്കാൻ ഇനി പോലീസുണ്ട്‌

വടകര വന്നിറങ്ങുന്നവനും വിശക്കുന്നവനും ഇനി കയ്യിൽ കാശില്ലാത്തത്‌ കൊണ്ട്‌ പട്ടിണി കിടക്കാൻ പോലീസ്‌ ഏമാന്മാർ സമ്മതിക്കില്ല. വിശന്നിരിക്കുന്നവർക്ക്‌ ഒരു നേരത്തെ ഭക്ഷണമെന്ന വടകര പോലീസിന്റെ ‘അക്ഷയപാത്രം‘ പദ്ധതിക്ക്‌ ഇന്നലെയോടെ (21/06/2019) തുടക്കമായി.

വടകര റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാഫിക്‌ സ്റ്റേഷൻ പരിസരത്ത്‌ തയ്യാറാക്കിയ പ്രത്യേക ക്യാബിൻ ഇന്നലെ വൈകുന്നേരം നഗരസഭാ ചെയർമാൻ
കെ. ശ്രീധരൻ നാടിന് സമർപ്പിച്ചു. ഭക്ഷണം കേടുകൂടാതെയും ചൂടാറാതെയും സൂക്ഷിക്കാനുള്ള ഫൂഡ്‌ ചില്ലർ ഉൾപ്പെട്ടതാണ് ഈ ക്യാബിൻ.

പോലീസിന്റെ അനുമതിയോടെ ഏത്‌ സംഘടനകൾക്കും വ്യക്തികൾക്കും ക്യാബിനിൽ ഭക്ഷണം എത്തിക്കാം. പണമില്ലാതെ നഗരത്തിൽ വലയുന്ന ആർക്കും ഇവിടെ എത്തി ഭക്ഷണം ശേഖരിക്കാം.

നിലവിൽ വടകര അത്താഴക്കൂട്ടം ഫെയ്സ്ബുക്ക്‌ കൂട്ടായ്മയാണ് വിതരണത്തിനാവശ്യമായ ഭക്ഷണപ്പൊതികൾ ഏത്തിക്കുന്നത്‌.

വടകര ഡി. വൈ. എസ്‌. പി യായ പി. പി സദാനന്ദന്റേതാണ് ഈ ആശയം. ഒരു വർഷം മുൻപ്‌ കണ്ണൂരിലും ഇദ്ദേഹം വിജയകരമായി ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.

ഭക്ഷണവിതരണ കേന്ദ്രത്തിൽ സ്ഥിരമായി എത്തുന്നവരെ കണ്ടെത്തി അവരുടെ പ്രശ്നം മനസ്സിലാക്കി പുനരധിവാസം ഉറപ്പിക്കാനും പദ്ധതിയുണ്ട്‌.

പ്രതിദിനം നൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പോലീസ്‌ ഉദ്ദേശിക്കുന്നത്‌. ഇതോടെ വിശപ്പുരഹിത വടകര എന്ന സ്വപ്നം സാധ്യമാകും എന്ന് പ്രത്യാശിക്കാം…

ഫോട്ടോ കടപ്പാട്‌ : ശ്രീനി വടകര

Leave a Reply

Your email address will not be published. Required fields are marked *