കോയിക്കോട്ടെ കൊല്ലോം, കൊല്ലത്തെ കോഴിക്കോടും, കണ്ണൂരിലെ കോട്ടയവും !

ബിലാല്‍ ശിബിലി

നേരം ഒരുപാട് വൈകിയിരുന്നു. “ഇനി നാട്ടിലേക്ക് ബസ്സ്‌ കിട്ട്വോ…?! ”. കൊല്ലം സ്റ്റാന്‍ഡില്‍ ബാഗും തൂക്കി പിടിച്ചു നില്‍ക്കുന്ന ഞാന്‍ സുര്‍ജിയേട്ടനോട് ചോദിച്ചു. “സ്റ്റേറ്റ് ബസ്സ്‌ ണ്ടാവും…” – എന്‍റെ അത്ര തന്നെ ക്ഷീണത്തോടെ മൂപ്പരും പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍, ഒരു ഓര്‍ഡിനറി കെ.എസ്.ആര്‍.ടി.സി ബസ്സ്‌ വന്നു. ‘കോഴിക്കോട്’. ബോര്‍ഡ് കണ്ടു. എന്തെന്നില്ലാത്ത ആശ്വാസം. ബാഗും തൂക്കി പിടിച്ചു ഞങ്ങള്‍ കയറി.

“..നല്ല തിരക്കുണ്ടല്ലോ, ബിലാലെ…”
“…അത് സാരല്ല, ബസ്സെല്ലോം മാറിക്കേറി പോണ്ടവരുന്ന് വിചാരിച്ചല്ലേ, ഇതിപ്പോ, കോയിക്കോടേക്കെന്നെ നേരിട്ട് കിട്ട്യല്ലോ… സമാധാനം…”

കണ്ടക്ടര്‍ വന്നു…

“രണ്ട് കോയിക്കോട്…” – ഞാനാ പറഞ്ഞത്.

എന്‍റെ വടക്കന്‍ ഭാഷ, മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു, അദ്ദേഹം ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“ ഇത് നിങ്ങള്‍ ഉദ്ദേശിച്ച കോഴിക്കോടേക്ക് അല്ല…”

“ എഹ് !…”

“ വേറെയേത് കോയിക്കോടാ ?  – സുര്‍ജിയേട്ടന്‍ ആശ്ചര്യത്തോടെ ചോദിച്ചു !

“ ആ.. ഇവിടെ ഒരു കോഴിക്കോട് ഉണ്ട്…” – കണ്ടക്ടര്‍ പറഞ്ഞു.

കോഴിക്കോട് ഒരു കൊല്ലം ഉള്ളതറിയാം. പക്ഷെ, കൊല്ലത്തൊരു കോഴിക്കോട് ! ബല്ലാത്ത ജാതി…

കൊല്ലം ജില്ലയിലെ കരുനാഗപ്പളളിക്കടുത്ത്, ദേശീയ പാത 66 നും അറബിക്കടലിനും ഇടയിലുള്ള ചെറിയ സ്ഥലമാണ് തെക്കന്‍ കോഴിക്കോട്. കരുനാഗപ്പള്ളിയിലെ കോഴിക്കോട്. കരുനാഗപ്പളളി ടൗണിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായിട്ടുള്ള പ്രദേശം. വടക്കന്‍ കോഴിക്കോടുമായി പ്രാദേശിക സാദൃശ്യമുള്ളത് കൊണ്ടാണ് ഈ സ്ഥലനാമം ലഭിച്ചത് എന്ന് പറയപ്പെടുന്നു.

കൊല്ലം ജില്ലയിലെ കോഴിക്കോടിന്‍റെ അപരസ്ഥലത്തിന് പകരം, കോഴിക്കോട് ജില്ലയിലും ഒരു കൊല്ലമുണ്ട്. കൊയിലാണ്ടിക്കടുത്തുള്ള കൊല്ലം. ഇത് പക്ഷെ, കുറച്ചു കൂടി പ്രസിദ്ധമാണ്. ദേശീയപാത 66 ല്‍, കൊയിലാണ്ടിയില്‍ നിന്ന് വടകരയിലേക്ക് പോവുമ്പോള്‍, രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊല്ലമെത്തും.

പന്തലായനി എന്ന പേരിലായിരുന്നു കൊയിലാണ്ടി – കൊല്ലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പന്തലായനി അറബി കച്ചവടക്കാരുടെ പ്രധാന താവളമായിരുന്നു. ഇവിടെയുള്ള പാറപ്പള്ളി മഖാം, ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലീം പള്ളികളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെയൊരു കാല്‍പ്പാടുണ്ട്. അത് ആദിമ മനുഷ്യന്‍ ആദമിന്‍റെതാണ് എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. മഖാമിനോട് ചേര്‍ന്നുള്ള ബീച്ചിനും പാറക്കൂട്ടത്തിനും മൊഞ്ച് ലേശം കൂടുതലാണ്.

പാറപ്പള്ളി കടപ്പുറം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രസിദ്ധമായ ശ്രീ പിഷാരികാവ് ക്ഷേത്രവും കൊല്ലത്താണ്. ക്ഷേത്ര നിർമ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കൊല്ലത്തെ ഈ ക്ഷേത്രം സ്ഥാപിച്ചത് തെക്കന്‍ കൊല്ലത്തെ രത്ന വ്യാപാരികള്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ വിഷഹാരികള്‍ കൂടിയായതിനാല്‍ അവര്‍ സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് ലഭിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ ആയി, പ്രദേശവാസികള്‍ക്ക് ‘ഷാരികാവും’.

പിഷാരികാവിലെ ആനയെഴുന്നള്ളത്ത്

കേരളത്തിന്‍റെ പലഭാഗത്ത് നിന്നും ഈ രണ്ട് ദേവാലയങ്ങളിലേക്കും സന്ദർശകര്‍ എത്തിച്ചേരാറുണ്ട്. വാസ്കോഡഗാമ ആദ്യമായി കപ്പല്‍ ഇറങ്ങിയത് കൊയിലാണ്ടിക്ക് അടുത്തുള്ള കാപ്പാട് ആണെന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു. ഇതിന് വിരുദ്ധമായ, പന്തലായനി കൊല്ലത്താണ് വാസ്കോഡഗാമ കപ്പല്‍ ഇറങ്ങിയത് എന്ന് പറയുന്നവരും ഇവിടെയുണ്ട്.

കൊയിലാണ്ടിയിലെ കൊല്ലത്തിനും തെക്കന്‍ കൊല്ലത്തിനും ഒരുപാട് സാമ്യതകളുമുണ്ട്. കൊല്ലം ജില്ലയിൽ നിന്നും കുടിയേറിയ കുറേ പേർ കൊയിലാണ്ടിയിൽ ഇന്നുമുണ്ട്. കൊല്ലം എന്ന പേരും ഇങ്ങനെ വന്നതാണെന്ന് കരുതുന്നു.

അച്ചടിയുടെ ചരിത്ര പാരമ്പര്യമുള്ള നഗരമാണ് കോട്ടയം. അതിനേക്കാള്‍ ചരിത്രപാരമ്പര്യമുള്ള മറ്റൊരു കോട്ടയവും കേരളത്തിലുണ്ട്. ഇങ്ങ് കണ്ണൂരില്‍. മലബാറിലുള്ള ഈ കോട്ടയം, അതിനാല്‍ തന്നെ ‘കോട്ടയം മലബാര്‍’ എന്ന പേരില്‍ അറിയപ്പെടുന്നു.

ഇന്നത്തെ തലശ്ശേരി താലൂക്കിലെയും വയനാട് ജില്ലയിലെയും സ്ഥലങ്ങള്‍ അടങ്ങിയതായിരുന്നു, പഴയ നാട്ടുരാജ്യമായിരുന്ന ‘കോട്ടയം’. ഇതിന്‍റെ തലസ്ഥാനമായിരുന്നു കൂത്തുപറമ്പിനടുത്തുള്ള കോട്ടയം.

കഥകളിയുടെ ഈറ്റില്ലമായും കോട്ടയം മലബാര്‍ അറിയപ്പെടുന്നു. 1665 മുതൽ 1725 വരെ ഉണ്ടായിരുന്ന കോട്ടയം രാജാവിന്‍റെ കാലത്താണ് കഥകളി വളര്‍ന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജയുടെ ജനനം കോട്ടയം രാജവംശത്തിലാണ്‌.

കോട്ടയം എന്ന പേരില്‍ തന്നെയാണ് രണ്ട് ഇടങ്ങളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. തെക്കന്‍ കോട്ടയം മുന്‍സിപ്പാലിറ്റിയാണ്. വടക്കന്‍ കോട്ടയം ഗ്രാമപഞ്ചായത്തും.

കൊല്ലത്തൊരു കോഴിക്കോട് ഉള്ളപോലെ, കോഴിക്കോട്ടൊരു കൊല്ലമുള്ള പോലെ, കണ്ണൂരില്‍ ഒരു കോട്ടയമുണ്ട്. പക്ഷെ, കോട്ടയത്ത് ഒരു കണ്ണൂരില്ല !

ഒരേ പേരിലുള്ള സ്ഥലങ്ങള്‍ ഇനിയുമുണ്ട്. കോഴിക്കോട് – കണ്ണൂര്‍ ജില്ലകളിലായി രണ്ട് മൊകേരിയുണ്ട്. കോഴിക്കോട് ജില്ലയില്‍ തന്നെ മൂന്ന് വട്ടോളിയുണ്ട്….

 

(തുടരും)

2 thoughts on “കോയിക്കോട്ടെ കൊല്ലോം, കൊല്ലത്തെ കോഴിക്കോടും, കണ്ണൂരിലെ കോട്ടയവും !

Leave a Reply

Your email address will not be published. Required fields are marked *