ഒണ്ടേൻസിൽ ഊണ് കാലായിട്ടുണ്ടേ…!

എസ്‌. കെ

ഊണ് കാലാവാൻ നേരം വയറിൽ തീയാളുമ്പോൾ വീടെത്താനല്ല

‘ഒര്യാണെ ഒണ്ടേൻസ്‌ റോഡിലുള്ള ഒദേൻസ്‌ ഹോട്ടലിലെത്താനായിരിക്കും കണ്ണൂരുകാരുടെ തിടുക്കം.’

ഒരു മണിക്കെങ്കിലും ചെന്നാലേ ക്യൂവിലെങ്കിലും നിക്കാൻ പറ്റുള്ളൂ…! അപ്പൊഴേക്കും തിരക്ക്‌ തുടങ്ങിക്കാണും.

എന്താണപ്പാ ഈ ഒണ്ടേൻസിനിത്രേം പ്രത്യേകത. നല്ല മൊരു മൊരാന്ന് പൊരിഞ്ഞ്‌ തുടിക്കുന്ന സൂപ്പർ മീൻ വറുത്തതിന്റെ വെറൈറ്റിയും തൂവെള്ള ചോറും കൂട്ടാനും ഇത്ര സ്നേഹത്തോടെ വിളമ്പുന്ന ഊണ് കട കണ്ണൂരിൽ വേറൊരിടത്തും ഇല്ല. അത്‌ തന്നെ കാരണം.

ഊണിന് വെറും 45 ഉറുപ്പിക. കൂട്ടാനും സൈഡിലുള്ളതും ഒപ്പം കിട്ടും.
പിന്നെ വറുത്തത്‌ എന്ത്‌ വേണോന്ന് നമുക്ക്‌ സെലക്ട്‌ ചെയ്യാം. ചുമ്മാ വെയിറ്ററേമാൻ വന്ന് “ഇവിടെ എന്ത്‌ വേണം സർ” എന്ന് ചോദിച്ച്‌ ഓർഡറെടുത്ത്‌ തുണ്ട്‌ കടലാസിൽ എഴുതിക്കൊണ്ട്‌ പോകുന്ന ഏർപ്പാടല്ല.

നല്ല നീളൻ വലിപ്പത്തിലുള്ള ഒരു താമ്പാളത്തിൽ ഇവിടുത്തെ വെയിറ്ററു ചേട്ടൻ കൊണ്ട്‌ വന്ന് തരും
നെറ നെറാന്ന് നെറഞ്ഞിരിക്കണ കൂന്തളും, ചെമ്മീനും, കല്ലുമ്മക്കായേം, അയലേം, മത്തീം, വേളൂരീം, നത്തോലീം, പിന്നെ കൂട്ടത്തിൽ കുറച്ച്‌ നെഗളിപ്പുള്ള മാന്തളും, കട്‌ലയും, അയക്കൂറയും, ആവോലിയും പിന്നെ നല്ല നാടൻ മുരുവും. ഏതെടുക്കണമെന്ന് തോന്നിപ്പോകുന്ന അങ്കലാപ്പും ഒടുക്കത്തെ കൊതിയും കൊണ്ട്‌ കണ്ണു മഞ്ഞളിച്ച്‌ പോവും ആരുടെയും…!

ഇനി കഴിച്ച്‌ കഴിഞ്ഞാലോ വയറും മനസ്സും നിറയുകയും നാളെ കുറച്ചൂടെ നേരത്തെ വന്ന് ഏത്‌ മൽസ്യമാ എടുക്കേണ്ടതെന്ന് ഉറപ്പിച്ചും കഴിഞ്ഞേ ആരും ഒണ്ടേൻസ്‌ വിടൂ…

ആഹ്‌… മനസിലായി അടുത്ത ചോദ്യം എങ്ങനാ ഒണ്ടേൻസിലെത്തുക എന്നല്ലേ..!

നമ്മുടെ പിള്ളിയാർ കോവിൽ റോഡിൽ നിന്നും ഒരു 500 മീറ്റർ നേരെ വിട്ടാൽ മതി ഒണ്ടേൻസിലെത്താൻ…!

Leave a Reply

Your email address will not be published. Required fields are marked *