മട്ടൻ ബിരിയാണി തേടി , ശങ്കരൻ കോവിലിൽ

ദീപക് ബ്രഹ്മാനന്ദൻ

അത്യാവശ്യം ആർത്തിയും ആക്രാന്തവും ഉള്ള ഒരാൾക്ക് യാതൊരു മടുപ്പും ചെടിപ്പും കൂടാതെ വെട്ടി അമറാൻ പറ്റിയ മട്ടൻ ബിരിയാണി ഉണ്ടെങ്കിൽ നമ്മൾ ആരെങ്കിലും അത് വേണ്ടെന്ന് വയ്ക്കുമോ?

ഇവിടെയും അത്രയുമേ സംഭവിച്ചുള്ളൂ.

ആർത്തി മൂത്ത് ഭ്രാന്തായ ഞങ്ങൾ മൂന്ന് നാല് പേർ കഷ്ടകാലത്തിന് രണ്ടുകൊല്ലം മുമ്പ് തമിഴ്നാട്ടിൽ പോയപ്പോൾ ഒരു ബിരിയാണി കഴിച്ചു.

അതും ഒരു പിങ്കി ബിരിയാണി

നല്ല മുഴുത്ത കൊഴുത്ത മട്ടൻ കഷണങ്ങളും കരളും ഒക്കെ ചേർന്ന നല്ല ഒരു കിടിലൻ മട്ടൻ ബിരിയാണി.

ഇടയ്ക്കൊക്കെ വീണ്ടും അങ്ങോട്ട് പോകാൻ പ്ലാൻ ചെയ്യുമെങ്കിലും ഒന്നും നടന്നില്ല.

രണ്ടു വർഷം കഴിയുന്നു..വീണ്ടും ആക്രാന്തവും കൊതിയും വന്നു കതകിൽ മുട്ടി.

പിന്നെ പടപടേന്ന് ആളെ വിളിക്കുന്നു… കൂട്ടുന്നു.. ചീത്തവിളി.. ആകെ ബഹളം.

അങ്ങനെ കൊല്ലം നീണ്ടകരയിൽ നിന്ന് തമിഴ്നാട്ടിലെ തെങ്കാശി പക്കത്തുള്ള ശങ്കരൻകോവിൽ ലക്ഷ്യമാക്കി രാവിലെ ആറ് മണിക്ക് ഞങ്ങൾ അഞ്ചുപേർ ഒരു മാരുതി സ്വിഫ്റ്റിൽ യാത്രതിരിച്ചു.

കരുനാഗപ്പള്ളി- പത്തനാപുരം- പുനലൂർ വഴിയാണ് യാത്ര.

മാർച്ച് മാസം ആയതിനാൽ അന്തരീക്ഷം അത്ര സുഖകരമല്ല മാത്രമല്ല ഇലക്ഷൻ സമയവും.

ഏകദേശം എട്ട് മണിയോടെ ഞങ്ങൾ ആര്യങ്കാവ് എത്തി പ്രാതലും കഴിച്ച് മുന്നോട്ടുനീങ്ങി.

തെന്മലയും പാലരുവിയും കഴിഞ്ഞ് ആര്യങ്കാവ് ചുരം ഇറങ്ങി ഞങ്ങൾ തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു.

ചൂടുകാലം ആണെങ്കിലും പച്ചപ്പുനിറഞ്ഞ റോഡുകളാണ് തമിഴ്നാട്ടിൽ. റോഡിനിരുവശത്തും പച്ചപ്പ് തിങ്ങിനിറഞ്ഞു വളർന്നു നിൽക്കുന്നു.
എന്നും തമിഴ് ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ ഞാൻ ഏറെ ആസ്വദിച്ചിട്ടുള്ളത് ആര്യവേപ്പും പുളിമരങ്ങളും ഇടതൂർന്ന് വളർന്നുനിൽക്കുന്ന ഈ വഴികളാണ്.
കേരളത്തിലെ ഭരണാധികാരികൾക്കും പ്രബുദ്ധരെന്നു സ്വയം കരുതുന്ന ഞാനും നിങ്ങളും അടക്കമുള്ള ജനങ്ങൾക്കും ഇതൊക്കെ നമ്മുടെ നാട്ടിലെ റോഡരുകിൽ ഒരു സ്വപ്നം മാത്രമായി കാണാനേ കഴിയുള്ളൂ.

ആ പൊരിവെയിലിൽ ഉടുപ്പ് പോലുമില്ലാതെ  ടിവിഎസ്  ടൂവീലറിൽ പോകുന്ന തമിഴ് മക്കൾക്കൊപ്പം ചൂട് സഹിക്കാൻ പറ്റാതെ ഞങ്ങൾ കാറിൽ എസി ഒക്കെ ഇട്ട് മുന്നോട്ടു നീങ്ങി.

 

തെങ്കാശിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് റോഡരികിലെ നെൽവയലിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്യുന്ന കാഴ്ച്ച കണ്ട് ഞങ്ങൾ കാറിൽ നിന്നിറങ്ങി.

സംഭവം കൊള്ളാം. ഒരു ഏക്കർ നെൽവയൽ ഒരു മണിക്കൂർ കൊണ്ട് കൊയ്യാൻ സാധിക്കും എന്ന് ആ വയലിന്റെ ഉടമസ്ഥൻ ഞങ്ങളോട് പറഞ്ഞു. ഒരുമണിക്കൂറിന് യന്ത്ര വാടക 2300 രൂപ.
സംഭവം ഉഷാർ.

കൊയ്തെടുത്ത നെല്ല് റോഡരികിൽ ഒരു തുണി വിരിച്ച് അതിലേക്ക് തട്ടുന്നു.. ഒരു തരി വൈക്കോൽ പോലുമില്ലാതെ നെല്ല് മാത്രം വീഴുന്നു.. നാട്ടിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ വയൽ ഇല്ലാത്ത ഞങ്ങൾ ആ കാഴ്ച ആദ്യമായി കാണുകയായിരുന്നു.

അന്തരീക്ഷം ചുട്ടു പൊള്ളുമ്പോഴും അവിടെയുള്ളവർ ഉടുപ്പ് പോലും ധരിക്കാതെ റോഡിൽകൂടി പോകുന്നുണ്ടായിരുന്നു.. ഞങ്ങളിലെ മലയാളി ധാർഷ്ട്യം പൊരിവെയിലിൽ വസ്ത്രമില്ലാതെ ഇറങ്ങാനുള്ള തമിഴ് മക്കളുടെ കായ ബലത്തെ സ്വന്തം കഴിവില്ലായ്മ മറച്ചുവെച്ചുകൊണ്ട് കളിയാക്കിചിരിച്ചു.

10 മണിയോടെ ഞങ്ങൾ ദേശീയപാതയിൽ നിന്ന് ഉള്ളിലേക്കുള്ള ഒരു വഴിയിലേക്ക് കാർ തിരിച്ചു. യാത്ര മരങ്ങൾക്കിടയിലൂടെ മാത്രമായി. നല്ല തണലും തണുപ്പും.

വഴിയരികിലെ ഒരു ചായക്കടയിൽ ഞങ്ങൾ വണ്ടി നിർത്തി.. ഓല ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആ കടയുടെ മുകളിൽ ചോർച്ച തടയാൻ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.വളരെ ശാന്തസുന്ദരമായ പ്രദേശം.
ചായക്കടയുടെ എതിർവശത്ത് ഏതാണ്ട് 300 മീറ്റർ അകലത്തിൽ സഹ്യപർവതം അങ്ങനെ പൊങ്ങി പൊങ്ങി പോകുന്നു.

അവിടെത്തന്നെ ഏതാണ്ട് എട്ട് ഏക്കറോളം സ്ഥലം മലയാളികൾ വാങ്ങി ഹോംസ്റ്റേ നിർമാണം തുടങ്ങാൻ വേണ്ടി ഇലക്ട്രിക് വേലികൾ സ്ഥാപിച്ചിരിക്കുന്നു..

വൈകുന്നേരത്തോടു കൂടി മലയിൽനിന്നും ആനക്കൂട്ടം ഇറങ്ങി വരാറുണ്ടത്രേ.

ആ സ്ഥലത്തിന്റെ മലയാളിയായ ഉടമസ്ഥൻ അവിടെ എന്തൊക്കെയോ കോൺക്രീറ്റ് നിർമ്മാണങ്ങൾ നടത്താൻ പോകുന്നുണ്ട് എന്ന് പറഞ്ഞു..
ഇനി ഒരിക്കൽ വരുമ്പോൾ ഈ സ്ഥലത്ത് ഈ ഭംഗി ഉണ്ടാകില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി.

അപ്പോഴേക്കും ആട്ടിൻ പാൽ ചേർത്ത് ചൂടുചായ തയ്യാറായി. നല്ല കിടിലൻ ചായ.
ചായയും കുടിച്ചു അവരോട് ഞങ്ങൾ യാത്രപറഞ്ഞു.

ആ വഴി നീളുന്നത് കറുപ്പാനദി ഡാമിലേക്കാണ്.

തിരുനെൽവേലി ജില്ലയിലെ ചൊക്കംപട്ടി എന്ന സ്ഥലത്തിനടുത്ത് കറുപ്പാ നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്… ഡാമിലെ ജലം സമീപപ്രദേശങ്ങളിലെ കൃഷി ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു.

പൊള്ളുന്ന വെയിൽ… ഞങ്ങൾ കാറിൽ നിന്നിറങ്ങി നടന്നു.. കൂടെ ഡാമിൽ കുളിക്കാൻ പോകുന്ന കുറെ കുട്ടികളും കൂടി.. അവരുമായി സംസാരിച്ചു കൊണ്ട് ഞങ്ങൾ നടന്നു.. ഡാമിൽ ഉണക്ക കാലമായതിനാൽ വെള്ളം തീരെ കുറവാണ്.. കുറച്ചു മുന്നോട്ടു നടക്കുമ്പോൾ ചെറിയ ഒരു അരുവി ഉണ്ട് അതാണ് കുട്ടികളുടെ ലക്ഷ്യം… ഡാമിലെ വെള്ളത്തിൻ അടുത്ത് നീർക്കാക്കകൾ അടക്കം ധാരാളം പക്ഷികളും ഉണ്ടായിരുന്നു… ഒരുവശത്ത് സഹ്യൻ കറുത്തിരുണ്ട് നിൽക്കുന്നു.

അരുവിക്കരയിൽ എത്തിയപ്പോൾ അവിടെ കുറെ ഉണങ്ങിയ ആനപ്പിണ്ഡം. ആനയിറങ്ങുന്ന സ്ഥലം.

ഞങ്ങൾ കുറച്ചു നേരം അവിടെ കാഴ്ചകൾ കണ്ടിട്ട് തിരികെ നടന്നു.. തിരികെ വരുന്ന വഴിയിൽ പലയിടത്തും ആനപിണ്ഡങ്ങൾ കാണുന്നുണ്ടായിരുന്നു..

സമയം 12 ആകുന്നു.. ഞങ്ങളുടെ ലക്ഷ്യമായ ബിരിയാണി ഏതാണ്ട് ഒരു മണിയോടുകൂടി കാലിയാകും..യാത്ര കുറച്ച് വേഗത്തിലാക്കി., ഒരു മണിയോടുകൂടി ഞങ്ങൾ ശങ്കരൻകോവിൽ എത്തിച്ചേർന്നു.

സുൽത്താൻ ബിരിയാണിക്കട.

അടിപൊളി.. ബിരിയാണിയുടെ കാര്യത്തിൽ തീരുമാനമായി.. സംഭവം തീർന്നിരിക്കുന്നു.

ഞങ്ങൾ എന്തോ പോയ അണ്ണാന്മാരെ പോലെ വഴിയരികിൽ നിന്നു.

ഞങ്ങളിൽ ഒരാൾ വീണ്ടും ഒന്നുകൂടി പോയി തിരക്കി.. കേരളത്തിൽനിന്ന് ബിരിയാണി കഴിക്കാൻ വന്നതാണ് എന്നൊക്കെ പറഞ്ഞു..

കടയുടെ ഉള്ളിലിരുന്ന് കഴിക്കാൻ പറ്റില്ല വേണമെങ്കിൽ പാഴ്സൽ തന്നു വിടാം എന്നായി കടക്കാരൻ

തയ്യാറാക്കി വെച്ചിരുന്ന പാഴ്സൽ വിറ്റ് തീർക്കാനുള്ള തന്ത്രമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
പറഞ്ഞിട്ടെന്ത് കാര്യം

പാഴ്സൽ എങ്കിൽ പാഴ്സൽ

അവിടുത്തെ ബിരിയാണി കാൽ-ഹാഫ് -ഫുൾ എന്ന രീതിയിലാണ് കച്ചവടം

ഞങ്ങൾ അഞ്ചുപേർ 8 ഫുൾ ബിരിയാണി പാർസൽ വാങ്ങി..
ഒരു ഫുൾ ബിരിയാണി 250 രൂപ… കൂടെ അവിച്ച( പുഴുങ്ങിയ) മുട്ടയും

അങ്ങനെ പാഴ്സൽ എങ്കിലും കിട്ടിയതിൽ സന്തോഷിച്ച് ഞങ്ങൾ കുറച്ചു മുന്നിലേക്ക് പോയി ഒരു വേപ്പിൻ ചുവട്ടിൽ കാർ നിർത്തി ബിരിയാണി വെട്ടിവിഴുങ്ങി,,

ബിരിയാണിയിൽ അരിയേക്കാൾ കൂടുതൽ മട്ടൻ ആണെന്ന് തോന്നുന്നു

ഏകദേശം ഒരാൾ കുറഞ്ഞത് ഒന്നര ബിരിയാണി കഴിച്ചു കാണും. സാധാരണ ബിരിയാണി തിന്നാൻ തോന്നുന്ന യാതൊരു മടുപ്പും തോന്നിയില്ല. സംഭവം ഉഷാർ.. വയർ കുത്തിനിറച്ചപ്പോൾ ആക്രാന്തത്തിന് ലേശം കുറവു വന്നു…

വന്ന കാര്യം സാധിച്ച് സന്തോഷത്തോടെ ഞങ്ങൾ തിരികെ യാത്ര തുടങ്ങി. വയറു നിറഞ്ഞപ്പോൾ എല്ലാവർക്കും ചെറുതായി ഉറക്കം വന്നു തുടങ്ങി. ചിലർ ഉറങ്ങി.

വന്ന വഴി തന്നെ തിരികെ പോകാതെ തിരിച്ച് അച്ചൻകോവിൽ കാട് വഴി പോകാൻ തീരുമാനിച്ചു.

റോഡ് മഹാമോശം. കാറിന്റെ പരിപ്പ് ഇളകുന്ന തരം റോഡ്.

അച്ചൻകോവിൽ കാട് എത്തുമ്പോഴേക്കും വഴിയരികിൽ മയിലുകളെ കണ്ടുതുടങ്ങി
സന്ധ്യ കഴിയുന്നു.. ആനയെ ഇറങ്ങാൻ സാധ്യതയുള്ള സ്ഥലം..
കാടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ഇരുട്ട് ആകെ വ്യാപിച്ചിരുന്നു.

മുന്നിൽ ആന കാണും എന്ന് പേടിയോടെ രാത്രി കാട്ടിൽ വണ്ടി ഓടിച്ചിട്ടുണ്ടോ? നല്ല രസമാണ്

അങ്ങനെ ത്രില്ലടിച്ച് വണ്ടി ഓടിച് രണ്ട് റോഡ് കൂടുന്ന ഒരു കവലയിലെത്തി.
വലത്തോട്ട് തിരിഞ്ഞാൽ കോന്നി- പത്തനംതിട്ട- അടൂർ.
ഇടത്തോട്ട് തിരിഞ്ഞാൽ പത്തനാപുരം- കൊല്ലം

എങ്ങോട്ട് ആയാലും ഞങ്ങൾക്ക് ദൂരം ഏതാണ്ട് തുല്യം.

എതിരെ ബൈക്കിൽ വന്ന ഒരാളോട് ഏതാണ് പോകാൻ നല്ലത് എന്നു ചോദിച്ചു.അയാൾ റോഡ് കുറച്ച് മോശമാണെങ്കിലും ഇടത്തോട്ട് പോയ്ക്കോളാൻ പറഞ്ഞു.കോന്നി റൂട്ടിൽ എന്തായാലും ആന കാണുമത്രേ.

അത്ര വലിയ ധൈര്യശാലികൾ അല്ലാത്തതുകൊണ്ട് ഞങ്ങൾ കോന്നി വഴി പോയില്ല. അങ്ങനെ പത്തനാപുരം ശാസ്താംകോട്ട കരുനാഗപ്പള്ളി വഴി തിരികെ വീട്ടിലേക്ക്..

Nb,..

സുൽത്താൻ ബിരിയാണി കട രാവിലെ 11 മുതൽ ഒരുമണിവരെ ആണ് സമയം.അതിൽ താമസിച്ച് എന്നാൽ ഞങ്ങൾക്ക് കിട്ടിയത് പോലെ മാത്രമേ കിട്ടുള്ളൂ( റോഡിൽ നിന്ന് കഴിക്കേണ്ടിവരും)

തമിഴ്നാട്ടിലെ ജനങ്ങൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് പരമാവധി നമ്മളും പ്ലാസ്റ്റിക് ഒഴിവാക്കുന്നതാവും നന്ന്.

കൊല്ലം-പുനലൂർ- തെന്മല- ചെങ്കോട്ട സുബ്രഹ്മണ്യപുരം-kuthalaperi- ശങ്കരകോവിൽ

Leave a Reply

Your email address will not be published. Required fields are marked *