പോപ്പേയ് ഗ്രാമത്തിലേക്ക്

അൻസില മേട്ടെകാട്ട്

“ചീരയാണെന്റെ ആരോഗ്യം” എന്ന് നമ്മളെല്ലാവരെക്കൊണ്ടും ചെറുപ്പത്തിലെ പാടിപ്പിച്ച പോപ്പെയുടെ കഥ പറയുന്ന ഇടമാണ് പോപ്പേയ് വില്ലേജ്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഏതോ ഗ്രാമം ആണെന്ന് തോന്നുമെങ്കിലും ഇതൊരു സിനിമ സെറ്റ് ആണ്. 1980 ല്‍ വാൾട് ഡിസ്നി പ്രൊഡക്ഷന്സും പാരാമൗണ്ട് ചിത്രങ്ങളും സംയുക്തമായി നിര്‍മിച്ച ‘പൊപ്പെയ്’ എന്ന സിനിമയുടെ സെറ്റ്. സിനിമ ഷൂട്ട് ചെയ്തു കഴിഞ്ഞു ഇത്രയും വര്‍ഷങ്ങള്‍ ആയിട്ടും പോപ്പേയ് വില്ലേജ് മാള്‍ട്ടീസ് ദ്വീപുകളിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണം ആണ്.


101-ആം നമ്പര്‍ ബസ്‌ എടുത്താണ് പോപ്പേയ് വില്ലെജിലേക്ക് പോകേണ്ടത്. ബസിലുള്ള എല്ലാവരും അവിടെ തന്നെയാണ് ഇറങ്ങിയത്‌. ടിക്കറ്റ്‌ എടുത്തു വേണം വില്ലെജിലെക്ക് പോകാന്‍. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ആയതുകൊണ്ട് 9 യൂറോയ്ക്ക്‌ ടിക്കറ്റ്‌ കിട്ടി.


പോപ്പേയ് ഗ്രാമത്തിലേക്ക് കടക്കുമ്പോള്‍ തന്നെയുള്ള കാഴ്ച അതിമനോഹരം ആണ്, കടലിന്റെ തൊട്ടടുത്തു പാറക്കെട്ടുകള്‍ക്കിടയില്‍ നല്ല നിറക്കൂട്ടുകള് ‍ചാലിച്ച വീടുകളുള്ള ഒരു കാര്‍ട്ടൂണ്‍‍ വേള്‍ഡ്, അങ്ങനെയാണ് നമുക്ക് തോന്നുക. പൂര്ണമായും മരത്തില്‍തീര്ത്ത വീടുകള് പെയിന്റ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. സ്വീറ്റ് ഹെവൻസ് എന്നറിയപ്പെടുന്ന ആ ഫിക്ഷണല്‍ ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ ഒരു ഹോളിവൂഡ്‌ സിനിമയിലൂടെ നടക്കുന്ന ഒരു അനുഭൂതിയാണ്. ആ ഗ്രാമത്തില് നിന്ന് കടലിനെ ആസ്വദിച്ചു നില്കുമ്പോള് സമയം പോകുന്നത് അറിയുകയേയില്ല.


ഇടയ്ക്കിടെ അവിടത്തെ കലാകാരന്മാര്‍ നൃത്തസംഗീതാദികളോടെ സന്ദര്‍ശകരെ സന്തോഷിപ്പിക്കുന്നുണ്ട്, പക്ഷെ കൂടുതലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ്, എങ്കിലും നമുക്കും അതൊരു നൊസ്റ്റാൾജിക് ഫീലിംഗോടെ ആസ്വദിച്ചു നില്‍ക്കാം. ക്രിസ്മസിന്റെ സമയത്ത് പോയതുകൊണ്ട് ക്രിസ്മസ് അപ്പൂപ്പനും അവിടെ ചുറ്റി നടപ്പുണ്ടായിരുന്നു.

പുള്ളിയുമായി സംസാരിച്ചു ഞങ്ങൾക്ക് ഗിഫ്റ്റുകൾ ഒക്കെ തന്നു ഒരു ഫോട്ടോയും എടുത്തു, ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ തന്ന ഗിഫ്റ്റ് തിരിച്ചു വാങ്ങി വെച്ച് അപ്പൂപ്പൻ എച്ചിത്തരം കാണിച്ചു, എങ്കിലും നല്ല കാഴ്ചകൾ പോപ്പേയ് വില്ലേജ് അല്ലെ എന്ന് കരുതി ഞങ്ങളതങ്ങ് ക്ഷമിച്ചു.


ഉച്ചയ്ക്ക് ശേഷം പോയതുകൊണ്ട് നല്ലൊരു സൂര്യാസ്തമയവും ആസ്വദിക്കാന്‍ പറ്റി. വൈകീട്ട് നല്ല തണുത്ത കാറ്റ് വീശിയത് കൊണ്ട് അധികനേരം പിന്നീട് നില്‍ക്കാന് സാധിച്ചില്ല. അവിടെയുള്ള Popeye ക്കും Oliv Oyl നും ബ്‌ളൂട്ടോയ്ക്കും Elves നും എല്ലാം ഹാപ്പി ക്രിസ്മസ് പറഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. സിനിമ പരാജയം ആയിരുന്നെങ്കിലും സിനിമ സെറ്റ് ഒരു വമ്പന് ഹിറ്റ്‌ ആയി മാള്‍ട്ടയില്‍‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *