മധുരൈ സ്പെഷ്യൽ കറിദോശ!

എസ്‌. കെ

ഇക്കഴിഞ്ഞ മധുരൈ വെക്കേഷനിടയ്ക്കാണ്. പതിവു പോലെ വൈകുന്നേര ചായയ്ക്ക്‌ പുറത്തോട്ടിറങ്ങിയതായിരുന്നു.

എന്തേലും മധുരൈ സ്പെഷ്യൽ തന്നെ കഴിക്കണം എന്ന് ഉള്ളിലുണ്ടായിരുന്നു തരക്കേടില്ലാത്ത ഒരു ഹോട്ടലിലേക്ക്‌ കൂട്ടുകാരൻ അശ്വിൻ എന്നെയും കൊണ്ട്‌ കേറി ചെന്നു. കൂടെ ജോജോയുമുണ്ട്‌.

ചെന്നിരുന്ന ഉടനെ ഞാൻ മെനു കാർഡ്‌ തലതിരിച്ചും മറിച്ചും നോട്ടമായി. മധുരൈ സ്പെഷ്യലിനു വേണ്ടി…

എന്നാൽ ഓർഡറെടുക്കാൻ വന്ന അണ്ണനോട്‌ ഒരു ദാക്ഷിണ്യവുമില്ലാതെ അശ്വിൻ കേറി പറഞ്ഞു കളഞ്ഞു ‘കറീ…ദോശയെന്ന്…’

എല്ലാം തൊലഞ്ഞില്ലേ! ആറ്റു നോറ്റ്‌ കഴിക്കാൻ വന്നിട്ടൊടുക്കം ദോശയും കറിയും പറഞ്ഞേക്കുന്നു… ഇതിനാണെങ്കി വരണവഴി എത്ര തട്ടുകടയുണ്ടായിരുന്നതാ…!
ഇനി അതും പോരെങ്കി ഞാൻ ചുട്ടു തരുവായിരുന്നല്ലോ…?

ആകെ കലിപ്പിലായ ഞാൻ എന്നോട്‌ തന്നെ പറഞ്ഞു… അൽപം കഴിഞ്ഞപ്പൊ ഒരു സ്റ്റീൽ പ്ലേറ്റിൽ ഇല വിരിച്ച്‌ അതിൽ നമ്മുടെ ഊത്തപ്പം കരിഞ്ഞത്‌ പോലൊരു സാധനം കൊണ്ട്‌ വന്നു…!

അത്‌ കണ്ട പാടേ ഞാൻ പറഞ്ഞു…
സേട്ടാ… ഇതല്ല.. ദോശയും കറിയും…!

അപ്പൊ അയാളുടെ വക..!

“ഇത്‌ താൻ സാർ നീങ്ക ഓർഡർ പണ്ണിയത്‌…!”

ഇതെന്താടാ ഇവിടുത്തെ ദോശയും കറിയും ഇങ്ങനെ…! ഞാൻ അശ്വിനെ നോക്കി.
അപ്പുറത്ത്‌ ജോജോ എന്നെ നോക്കി ചിരിക്കുന്നുണ്ട്‌.

“നീ കഴിച്ച്‌ നോക്കടാ” അവൻ പറഞ്ഞു…!

ഇത്‌ കറിയും ദോശയുമല്ല… കൂട്ടി വായിക്കണം… ‘കറിദോശ’. മധുരൈ സ്പെഷ്യൽ…

സംഗതി കാണാൻ ഒരു വെറൈറ്റി ഒക്കെയുണ്ട്‌. നേരത്തെ പറഞ്ഞ പോലെ നമ്മുടെ നാട്ടിലെ ഊത്തപ്പം സ്വൽപം കരിഞ്ഞാലത്തെ അവസ്ഥ… ഇതിന്റെ മുകളിൽ വിതറിയതത്രയും ചെത്തിയിട്ട മട്ടൺ ഫ്രൈ ആണ്… സാധാരണ ദോശയുടെ രണ്ടരയടിക്കനനമുണ്ട്‌ ഈ ദോശയ്ക്ക്‌. കഴിച്ച്‌ തുടങ്ങിയപ്പൊ മനസിലായി നല്ല നാടൻ പിസ്സയ്ക്ക്‌ സമമാണ് മധുരൈ സ്പെഷ്യൽ കറിദോശ.

മട്ടൺ ആയിരുന്നു എന്റെ കറിദോശയിലെ കറി ഫ്രൈ. സവാളയും മുളകും കറിവേപ്പിലയും പാകത്തിനിട്ട്‌ വഴറ്റി വറ്റിച്ചെടുത്ത മട്ടൺ ഫ്രൈ രണ്ടരയടിക്കനമുള്ള ദോശയ്ക്കകത്ത്‌ തിരുകിക്കേറ്റി വീണ്ടും അടിച്ച്‌ പരത്തിയതാണെന്ന് തോന്നുന്നു…

ആഹ്‌.. ഉണ്ടാക്കിയതെങ്ങേനേലുമാവട്ടെ കഴിച്ച്‌ തുടങ്ങിയാപ്പൊ ഞാൻ പിന്നെ ആ ചിന്തയങ്ങോട്ട്‌ വിട്ടു.

ദോശയ്ക്കും മട്ടൺ ഫ്രൈക്കും ഇടയിലായി ഒരു ഡബിൾ ഓം ലറ്റ്‌ അടിച്ചു ചേർത്തിട്ടുണ്ടെന്നതിന്റെ സൂചന പതിയെ വന്ന് തുടങ്ങി…

അങ്ങനെ മൂന്ന് രുചികളും ഒരുമിച്ച്‌ വായ്ക്കകത്ത്‌ കൂടിച്ചേർന്നതോടെ മലയാളികളുടെ വൈകുന്നേരക്കടികളെല്ലാം ഒന്നടങ്കം തലയും കുത്തി താഴെ വീണോ എന്ന് ഞാൻ സംശയിച്ചു.

ഒന്നും പറയാനില്ല… കറിദോശ കലക്കൻ!!!

NB : ഡോണ്ട്‌ ഫോർഗെറ്റ്‌ റ്റു ട്രൈ ദിസ്‌ വെൻ യു ആർ ഇൻ മധുരൈ…

Leave a Reply

Your email address will not be published. Required fields are marked *