ചെല്ലാർക്കോവിലിലെ കുഞ്ഞുവീട്ടുമുത്തശ്ശി

-ഡോ കെ എസ്‌ കൃഷ്ണകുമാർ

 

ചെല്ലാർക്കോവിലിലെ കുഞ്ഞുവീട്ടുമുത്തശ്ശി

ബി എഡ്‌ പ്രാക്ടിക്കൽ പരീക്ഷഡ്യൂട്ടിക്ക്‌ പോയതായിരുന്നു ഇടുക്കി ജില്ലയിലെ കുമിളിയിൽ. ഏത്‌ യാത്രയിലും അനുബന്ധമായി വേറിട്ട ചില ഇടങ്ങളെ കൂടി കണ്ടുപോരുന്നത്‌ ഒരു ശീലമാണു, ഇഷ്ടമാണു. ദീർഘയാത്രകൾക്ക്‌ തീരെ ക്ഷീണവും മടുപ്പുമില്ലാതാക്കുന്നത്‌ ഇത്തരം അഡീഷണൽ ചുറ്റിത്തിരിച്ചലുകളാണു. ഈ യാത്രയിൽ മനസ്സിൽ കരുതിയിരുന്നത്‌ ചെല്ലാർക്കോവിലിലെ മനയത്ത്‌ ഹെറിറ്റേജ്‌ ഹോംസ്റ്റേ വീട്‌ കാണാനായിരുന്നു.

ഔദ്യോഗികകർമ്മങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം സന്ധ്യാനേരമായി. കുമിളി ബി എഡ്‌ സെന്ററിലെ ഷാജി സാറിന്റെ കൂടെ സായാഹ്നത്തിൽ മനയത്ത്‌ ഹെറിറ്റേജ്‌ ഹൗസ്‌ കാണാനായി അദ്ദേഹത്തിന്റെ കാറിൽ ഇറങ്ങി. കുമിളിയിൽ നിന്ന് മൂന്നാർ റൂട്ടിൽ അണക്കര വഴി ഏകദേശം പതിനഞ്ച്‌ കിലോമീറ്റർ ദൂരം പോയാൽ ചെല്ലാർക്കോവിലിൽ എത്താം. ഇന്നലെ ഫോണിൽ വിളിച്ചു പറഞ്ഞ പ്രകാരം ആ സമയത്തിനു തന്നെ മനയത്ത്‌ ഹോം സ്റ്റേയുടെ ടോമിച്ചൻ ചെല്ലാർക്കോവിലിലെ വീട്ടിൽ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.

 

ടോമിച്ചന്റെ വീടും അതിനു ചുറ്റും ഇപ്പോൾ ഹോംസ്റ്റേ ഇല്ലാത്ത ചെറുവീടുകളും. മനസ്സും കണ്ണും പറഞ്ഞു അതൊന്നുമല്ല മനയത്ത്‌ ഹെറിറ്റേജ്‌ വീട്‌. ഇന്റർന്നെറ്റിലും വാട്സപ്പിലും കണ്ട്‌ നേരിൽ കാണാൻ കൊതിച്ച ആ കുഞ്ഞൻവീടിനെ തിരയുകയായിരുന്നു കണ്ണുകൾ. തൊടിയിലെ വലിയ ഒരു ഏലത്തോട്ടത്തിനുള്ളിലേക്ക്‌ നീണ്ടു പോകുന്ന വഴിയിലൂടെ ഞങ്ങളെ ടോമിച്ചൻ സ്നേഹാദരം കൊണ്ടുപോയി. ഇരുവശങ്ങളിലും കായ്ഭാരങ്ങളോടെ നിൽക്കുന്ന ഏലച്ചെടികൾ. ജീവിക്കുന്ന ഭൗമികപരിസരങ്ങളുടെ സമമായ ചാരുതകൾ മനുഷ്യരുടെ പെരുമാറ്റങ്ങളിലും ശീലങ്ങളിലും കാണാറുണ്ട്‌. ചെല്ലാർക്കോവിലിന്റെ സൗന്ദര്യങ്ങളുടെ നിറവായിരുന്നു ടോമിച്ചന്റെ ആതിഥേയത്വങ്ങളിൽ. തേവര കോളേജിൽ നിന്നു ബോട്ടണി ബിരുദാനന്തരബിരുദധാരിയാണു ടോമിച്ചൻ

. കുറെ നാൾ കുവൈത്തിൽ പ്രവാസജീവിതം. കുവൈത്ത്‌ ഓയിൽ കോർപ്പറേഷനിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ. നാട്ടിൽ തിരിച്ചു വന്നതിനുശേഷമാണു ടോമിച്ചൻ ഹോം സ്റ്റേ ബിസിനസ്സ്‌ ആരംഭിക്കുന്നത്‌. തദ്ദേശ ടൂറിസത്തിന്റെ ഉന്നമനത്തിനായി വിവിധ പൊതുപ്രവർത്തനങ്ങളിൽ രണ്ടായിരമാണ്ട്‌ മുതൽ ടോമിച്ചൻ സജീവമാണു. ഹോം സ്റ്റേ ബിസിനസ്സെല്ലാം നിർത്തിയെങ്കിലും ചെല്ലാർക്കോവിൽ ടൂറിസം പദ്ധതികളിൽ ആരംഭം മുതൽ ഇപ്പോഴും ടോമിച്ചന്റെ നിരവധി സംഭാവനകളുണ്ട്‌. ഏലച്ചെടിവഴിയിലൂടെ നടന്നുനടന്ന് കാണാൻ കൊതിച്ച കുഞ്ഞുവീടിന്റെ മുന്നിലെത്തി. മനയത്ത്‌ ഹെറിറ്റേജ്‌ വീടും പരിസരവുമെല്ലാം വിശദമായി ടോമിച്ചൻ കാണിച്ചു തന്നു. മനയത്ത്‌ ഹെറിറ്റേജ്‌ വീടിന്റെ തൊടിയുടെ കിഴക്കുഭാഗത്തെ വേലിയുടെ ഗെയിറ്റ്‌ തുറന്നുകടന്നാൽ തമിഴ്‌നാടിന്റെ വ്യൂപോയിന്റാണു.

മനയത്ത്‌ വീടിന്റെ വേലിയ്ക്കരികിൽ നിന്നാൽ പാണ്ടിക്കുഴിയും അരുവിക്കുഴി വെള്ളച്ചാട്ടവും തൊട്ടടുത്തായി കാണാം. ഉയരങ്ങളിലായി കേരളപ്രദേശങ്ങളും ഏറെ കുത്തനെ താഴെയായി കിടക്കുന്ന തമിഴ്‌നാടൻ അതിർത്തിക്കും ഇടയിൽ നീളനെയുള്ളതായ ഗർത്തങ്ങളെ എല്ലായിടത്തും പൊതുവിൽ കുമളിക്കാർ പേരിട്ടിരിക്കുന്നത്‌ പാണ്ടിക്കുഴി എന്നാണു. കമ്പം, തേനി ദേശങ്ങളിലെ പരന്നു കിടക്കുന്ന കൃഷിയിടങ്ങളും അതിനപ്പുറത്തെ മേഘമലയും (മേഘമലയെ പച്ചക്കുമാച്ചിയെന്ന് തമിഴന്മാർ വിളിക്കുന്നു) മനയത്ത്‌ വീടിന്റെ കോലായിരുന്നാൽ പനോരമിക്കായി കണ്ട്‌ ആസ്വദിക്കാം. ഒരു വേലിക്കിപ്പുറം മനയത്ത്‌ ഹെറിറ്റേജ്‌ വീടും തമിഴ്‌നാടും. 2015 ഡിസംബർ 31നായിരുന്നു മനയത്ത്‌ ഹോം സ്റ്റേയിലെ അവസാനത്തെ അതിഥികൾ. ടോമിച്ചൻ ഹോം സ്റ്റേ പരിപാടികൾ നിർത്താൻ കാരണം പലരും ഊഹിക്കുന്ന ദൂരൂഹതകളോ സാമ്പത്തിക പ്രശ്നങ്ങളോ ഒന്നുമല്ല, മറിച്ച്‌ ഏലം കർഷകർക്ക്‌ ഉപകാരപ്പെടുന്ന സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും വേണ്ടി അതിനൂതനവും വിപുലവുമായ ഒരു ബയോലാബ്‌ ആരംഭിക്കുകയും ആ മേഖലയിലേക്ക്‌ മാത്രമായി ഇപ്പോൾ ശ്രദ്ധയെന്നതാണു. കോട്ടയം കങ്ങണൂർ എന്ന സ്ഥലത്തെ ഒരു പുരാതന നായർ തറവാടിന്റെ ‘അറയും നിരയും’ എന്ന് പഴമക്കാർ പറയുന്ന സ്റ്റോർ ഹൗസ്‌ അതേപടി അളവുകളും അക്കങ്ങളുമിട്ട്‌ പൊളിച്ചെടുത്ത്‌ ഇങ്ങ്‌ ഇടുക്കി ജില്ലയിലെ ചെല്ലാർക്കോവിലെത്തിച്ച്‌ തന്റെ ഭവനത്തിനോട്‌ ചേർന്ന തൊടിയിൽ ആ പാരമ്പര്യപുരയെ അതേപടി 2000 ജൂണിൽ പുനർനിർമ്മിക്കുകയായിരുന്നു ടോമിച്ചൻ. ചെല്ലാർക്കോവിലിലെ വേണു ആശാരിയാണു ഈ പുനർനിർമ്മാണ ഉദ്യമത്തിൽ ആദ്യാവസാനം ടോമിച്ചനു സഹായിയായി നിന്നത്‌. വീടിന്റെ പഴക്കം കൃത്യമായി പറയാനാകില്ലെങ്കിലും മേഞ്ഞ ഓടിന്മേൽ അവയുടെ നിർമ്മാണവർഷം 1880 എന്നാണു എഴുതിയിരിക്കുന്നത്‌. ആഞ്ഞിലി മരത്തടികൾ കൊണ്ടാണു മനയത്ത്‌ വീടിന്റെ അകച്ചുമരുകളും തട്ടും വാതിലുകളുമെല്ലാം. ഇപ്പോൾ ഹോം സ്റ്റേ സൗകര്യമില്ലെങ്കിലും പാരമ്പര്യവീടുകളോട്‌ ആദരവും സംരക്ഷണമനോഭാവവുമുള്ളവർ ഒന്നു പോയി കാണേണ്ടതാണു ചെല്ലാർക്കോവിലിലെ മനയത്ത്‌ ഹെറിറ്റേജ്‌ ഹോം. കോട്ടയം ജില്ലയിൽ വച്ച്‌ എന്നേ മൃതിയടയേണ്ടിയിരുന്ന പിന്നീട്‌ സ്ഥലം മാറ്റി പാർപ്പിച്ച്‌ ഇന്ന് ഇടുക്കി ജില്ലയിൽ സസുഖം ദീർഘായുസ്സോടെ ജീവിക്കുന്ന ഈ കുഞ്ഞുവീട്ടുമുത്തശ്ശിയെ.

Leave a Reply

Your email address will not be published. Required fields are marked *