ലോക പൈതൃക ദിനം

ഓരോ സമൂഹത്തിന്റെയും മൗലികമായ സാംസ്‌കാരിക ശേഷിപ്പുകളെയും ചരിത്രസ്മാരകങ്ങളെയും സംരക്ഷിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് യുനെസ്കോ എല്ലാവർഷവും ഏപ്രിൽ 18 നു ലോക പൈതൃക ദിനമായി ആഘോഷിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം പ്രാധാന്യം ഇന്ന് ചരിത്ര സ്മാരകങ്ങളുടെയും പൈതൃക സ്ഥാനങ്ങളുടെയും സംരക്ഷണത്തിന്റെ കാര്യത്തിലുണ്ട് എന്നതാണ് ഈ വർഷത്തെ ലോക പൈതൃക ദിനം ഓർമപ്പെടുത്തുന്നത്. മുൻപൊക്കെ പ്രകൃതി ക്ഷോഭങ്ങളിലും യുദ്ധങ്ങളിലും ഒക്കെ പെട്ട് മാത്രം നാശം സംഭവിച്ചു കൊണ്ടിരുന്ന ചരിത്ര സ്മാരകങ്ങളൊക്കെ ഇന്ന് പരിപാലിക്കുവാനോ എത്തിനോക്കുവാനോ ആരുമില്ലാതെ വിസ്മൃതി പുൽകുന്ന ദയനീയമായ അവസ്ഥയാണുള്ളത്. ആഗോളീകരണത്തിന്റെ പുതിയ കാലത്ത് സ്വന്തം പ്രാദേശിക സമൂഹത്തിന്റെ സംസകാരത്തിനോടോ ചരിത്രത്തിനോടോ യാതൊരു പ്രതിബദ്ധതയും പുലർത്താത്തവരായി നാം മാറുമ്പോൾ കൂടിയാണ് കഴിഞ്ഞ കാലത്തിന്റെ ,പോയ തലമുറയുടെ ജീവിത സമരങ്ങളുടെ ഇത്തരം വിലപ്പെട്ട അവശേഷിപ്പുകൾ നമുക്കന്യമായി പോവുന്നത്
1983 മുതലാണ് ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആഘോഷിക്കാൻ യുനെസ്കോ തീരുമാനിച്ചത്..
ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുണെസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 142 രാജ്യങ്ങളില്‍ നിന്നുള്ള 851 ഇടങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ സംസ്കാര സമ്പന്നമായ ഇന്ത്യയില്‍ നിന്ന് 27 ഇടങ്ങള്‍ക്കും സ്ഥാനമുണ്ട്.
ചെങ്കോട്ടയും താജ്മഹലും എല്ലോറ ഗുഹയും തുടങ്ങി നമ്മുടെ പശ്ചിമഘട്ടം വരെയുണ്ട് യുനെസ്കോയുടെ ഹെറിറ്റേജ് കമ്മിറ്റി ഉണ്ടാക്കിയ ഈ ലിസ്റ്റിൽ.
പുതിയ തലമുറയുടെ യാത്രശീലങ്ങൾ ഒക്കെ തന്നെ മാറിപ്പോയിരിക്കുന്നു. നൂതനസംസ്കാരത്തിന്റെ ജീവിത സൗകര്യങ്ങളെ ആസ്വദിച്ചു കൊണ്ടുള്ള യാത്രകളെ കൂടുതൽ ഇഷ്ടപ്പെടുന്നതും അതിൽ രമിക്കുന്നതുമായി നമ്മുടെ യാത്രാസംസ്‍കാരം മാറി. ഈയൊരു വർഷത്തെ പൈതൃക ദിനത്തിനെങ്കിലും നമ്മുടെ പോയ തലമുറ നമുക്കു ബാക്കി വെച്ച് പോയ ശേഷിപ്പുകൾ തേടി യാത്ര പോകാനായി തീരുമാനിക്കാം. അവ നമുക്ക് പകരുന്ന ബോധ്യങ്ങളിൽ, തിരിച്ചറിവുകളിൽ നമ്മുടെ സംസ്കാരവും ചരിത്രവുമെല്ലാം കലാതിവർത്തിയായി നിലകൊള്ളട്ടെ

Leave a Reply

Your email address will not be published. Required fields are marked *