ഒരു കളർഫുൾ പുട്ടുകച്ചോടം

നിധിൻ വി. എൻ

വിശന്നിരിക്കണമെന്നില്ല രുചിയറിയാൻ. രുചിയുടെ കവിത വായിക്കാൻ നാവിനറിയാം. ന്യൂ മലബാർ ഫാമിലി റസ്റ്റോറന്റിലേക്ക് കയറുമ്പോൾ സൽക്കാർ ഫെസ്റ്റിൽ നിന്നും കഴിച്ച പുട്ടും കടലയും കൊതിയുടെ കടലായി വായിൽ കപ്പലോടിച്ചു. കോഴിക്കോട്ടെ രുചിയുടെ രാജാക്കന്മാർ മാറ്റുരച്ച അഞ്ചുദിന ഭക്ഷ്യമേളയിലെ പ്രധാന ആകർഷണം ഇവരുടെ പുട്ട്‌ കച്ചവടം തന്നെയായിരുന്നു.

ഫെസ്റ്റ്‌ കഴിഞ്ഞതിൽപ്പിന്നെ സ്വന്തം റസ്റ്റോറന്റിൽ ഇങ്ങനെയൊരു പുട്ട്‌ ഫെസ്റ്റ്‌ നടത്താൻ ഇവരെ പ്രേരിപ്പിച്ചത്‌ ഈ മഴവിൽ പുട്ടുകളുടെ രുചി അറിയാൻ ഇനിയുമെത്താമെന്ന രുചിപ്രിയരുടെ വാഗ്ദാനങ്ങളാണ്.

വിവിധ നിറത്തിൽ കണ്ണുകളെ, രസമുകുളങ്ങളെ തൊട്ട് നാവിനെ! ഹാ… പുട്ടണിഞ്ഞ വേഷങ്ങൾ പലതാണ്. വെജും, നോൺ-വെജും ചേർന്ന അതിന്റെ ശരീരം നാവിൽ മാത്രമല്ല മനസിലും കവിതയെഴുത്തുന്നു.

13 വർഷമായി കാരപറമ്പിന്റെ അടുക്കളയായി ന്യൂ മലബാർ ഫാമിലി റസ്റ്റോറന്റുണ്ട്. പുട്ടിന്റെ വിവിധ രുചികൾ ബിജുവും ഗീഷ്നയും പരീക്ഷിച്ചത് ഇപ്പോഴാണെന്ന് മാത്രം.

മക്കളുടെ ശാഠ്യങ്ങൾക്ക് വഴങ്ങി ഏതൊരമ്മയും ചെയ്യുന്നതെ ഗീഷ്നയും ചെയ്തുള്ളൂ. മക്കൾക്കുവേണ്ടി അടുക്കളയിലൊരുക്കിയ പരീക്ഷണങ്ങൾ മക്കൾക്കും ബന്ധുക്കൾക്കും ഇഷ്ടമായി. എന്നാൽ ഇതൊന്ന് പരീക്ഷിച്ചാലോ എന്ന തീരുമാനത്തിന്റെ പുറത്താണ് പുട്ടിനെ അണിയിച്ചൊരുക്കി സൽക്കാർ ഫെസ്റ്റിനെത്തിയത്. ഫെസ്റ്റിന്റെ മുഖ്യ ആകർഷണം ഇവരുടെ സ്റ്റാൾ ആയത്‌ രുചിയുടെ കഥ. ആ രുചികളെല്ലാം റസ്റ്റോറന്റിലേക്ക് വരുമ്പോൾ ഭക്ഷണ പ്രിയരായ കാരപറമ്പുകാർക്ക്‌ ആഘോഷമാണ്. റസ്റ്റോറന്റിലെ തിരക്കുകൾ അതിന് സാക്ഷ്യം.

ഇവിടെയൊരുക്കിയ പുട്ട്‌ വൈവിധ്യങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴും അറിയാതെ നാവിൽ വെള്ളമൂറും.

മസാല പുട്ട്, കടുക്ക പുട്ട്, മിക്സഡ് പുട്ട്, മീൻ പുട്ട്, കൂന്തൾ പുട്ട്, ചക്ക പുട്ട്, സ്കൂപ്പ് പുട്ട്, ബീഫ് പുട്ട്, ചിക്കൻ പുട്ട്, ചെമ്മീൻ പുട്ട്, പൈനാപ്പിൽ പുട്ട്, റാഗി നൂഡിൽസ് പുട്ട്, അരി പുട്ട്, കാരറ്റ് പുട്ട്, നൂഡിൽ പുട്ട്, കമ്പം പുട്ട്, പാലക് പുട്ട്, ഉണങ്ങലരി പുട്ട്, സേമിയ പുട്ട്, ബീറ്റ്റൂട്ട് പുട്ട്, ഗോതമ്പ് നൂഡിൽസ് പുട്ട്, മുത്താറി പുട്ട്, പുതിന പുട്ട്, ഗോതമ്പ് പുട്ട്, ഓഡ്സ് പുട്ട്, മക്രോണി പുട്ട്, ചോക്ലേറ്റ് പുട്ട്, വെജ് പുട്ട്, അവിൽ പുട്ട് എന്നിങ്ങനെ പുട്ടിനാൽ സമ്പന്നമാണ് ഇവിടത്തെ രുചികൾ. അപ്പോൾ എങ്ങനെയാണ് പുട്ടിന്റെ രുചികളിലേക്ക് സ്വയമലിയുകയല്ലേ? കൈപൊള്ളാതെ വയറു നിറയും. ഇന്നത്തോടെ (03/02/2019) മലബാർ റസ്റ്റോറന്റിലെ പുട്ട്‌ ഫെസ്റ്റ്‌ അവസാനിക്കും. എന്നാൽ മലബാർ പുട്ടുകട എന്നപേരിൽ പുതിയൊരു സംരഭത്തിന് ഇവർ ഈയൊരു ഫെസ്റ്റ്‌ വഴി തുടക്കം കുറിക്കുകയാണ്. ഇനിയെന്നും പുട്ട്‌ വെറൈറ്റികളിലേതെങ്കിലുമൊന്ന് ഇവിടെ ലഭ്യമാകും. അവയ്ക്കനുജ്യയായ ഇണയെപ്പോലെ ഓരോ ദിവസവും കടലക്കറി, പയറുകറി, ചിക്കൻ കറി തുടങ്ങി കറിയിനങ്ങളിലെ വെറൈറ്റികൾ വേറെയും.

മുഖസ്തുതിയാണെന്ന് കരുതരുത്‌
കൂട്ടാൻ മേടിച്ച കടലക്കറി ഒന്നിന്റെ രുചി മാത്രം മതി ഒരു മൂന്നാലു കഷ്ണം പുട്ട്‌ ഒറ്റയടിക്ക്‌ അകത്താക്കാൻ!

ഏതായാലും രുചികൾ ഇവിടെ അവസാനിക്കുന്നില്ല. ഒരു യാത്രികയെപ്പോലെ രുചിയുടെ യാത്ര തുടരാനുള്ള ഒരുക്കത്തിലാണ് ഗീഷ്ന. ഭർത്താവ് ബിജു മുഴുവൻ സപ്പോർട്ടുമായി കൂടെയുണ്ട്. രുചിയുടെ കലവറക്കാരന് കൂടെ നിൽക്കാതിരിക്കാൻ കഴിയുന്നതെങ്ങനെ? കേക്ക് ബേക്കിംഗിൽ കയ്യൊപ്പ് ചാർത്തികൊണ്ട് പ്രണയം പറയുന്നുണ്ടയാൾ.
ഓരോ പരീക്ഷണവും പരീക്ഷകൾ തന്നെയാണ്. വിജയിക്കുമെന്നുറപ്പിക്കാനാവില്ല. വിശക്കുന്നവിന്റെ വയറുമാത്രമല്ല, മനസും നിറയും ബിജുവിന്റെ റസ്റ്റോറന്റിലെത്തിയാൽ.

ഇനി മടിക്കണ്ട. ഉടൻ തന്നെ പോന്നോളൂ ഈ പുട്ടിൻ സാമ്രാജ്യത്തിലേക്ക്‌…!

വാട്ട്സാപ് ഗ്രൂപ്പിൽ അംഗമാകാം

Leave a Reply

Your email address will not be published. Required fields are marked *