ആര്യങ്കാവിലെ കൊടുംകാടും ത്രില്ലടിപ്പിക്കുന്ന ട്രെക്കിങ്ങും

റീംസ്

ഈ വേനൽ കാലത്ത് തണുത്ത കാറ്റുമേറ്റ് വനത്തിനുള്ളിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നുണ്ടോ? സാഹസിക യാത്ര എന്ന് പറഞ്ഞാൽ കടുവയും പുലിയും കാട്ടുപോത്തും കാട്ടാനയും സിംഹവാലൻ കുരങ്ങും മരയണ്ണാനും ഒക്കെയുള്ള കാട്ടിലൂടെയാണ് യാത്ര

അതെ കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നിന്നും ഇടതൂർന്ന വനത്തിലൂടെ 12 കിലോമീറ്റർ ഉള്ളിലേക്ക്. ഈ ഓഫ്‌റോഡ് യാത്ര തന്നെയാണ് ഇവിടുത്തെ എന്റർറ്റൈനെർ.

ട്രക്കിങ് ഇഷ്ടപ്പെടുന്നവരെ നിങ്ങൾക്കുള്ള ഒരു സുവർണാവസരം ആണിവിടം. നട്ടുച്ചയ്ക്ക് പോലും വെയിൽ എന്തെന്നറിയാതെ ഇവിടെ യാത്ര ചെയ്യാം

റോഡിന്റെ കാര്യം പകുതിയോളം പരമദയനീയം ആണെങ്കിലും ഇതുവഴിയുള്ള യാത്ര മറക്കാനാവാത്ത അനുഭവം തന്നെയാവും.
ഞങ്ങൾ പോയപ്പോൾ കാർ ആയതു കൊണ്ട് എൻട്രൻസിൽ ഒതുക്കി. അവിടുന്ന് ജീപ്പ് വിളിച്ചു അതിലാണ് പോയത്. ബുള്ളെറ്റിലൊക്കെയാണ് യാത്രയെങ്കിൽ സൂപ്പർ ആയിട്ട് പോകാം. ഓടിക്കാൻ ശരിക്ക് അറിയാവുന്നവർ ആണെങ്കിൽ മാത്രം. അല്ലെങ്കിൽ ടയറൊക്കെ നിന്നു കറങ്ങി കല്ലൊക്കെ തെക്കു വടക്കനേ തെറിച്ചു വഴിയിൽ കിടന്നു അച്ചറം പുച്ചറം നിലവിളിക്കേണ്ടി വരും.. ആ സമയത്തു കടുവയോ പുലിയോ വന്നാൽ പിന്നെ പറയുകയും വേണ്ട.

അപൂർവയിനം മരങ്ങളെയും ചിത്ര ശലഭങ്ങളെയും മുളങ്കൂട്ടങ്ങളെയും ഒക്കെ കണ്ടു പോകുന്ന യാത്ര ചെന്ന് അവസാനിക്കുന്നത് റോസ് മലയിൽ ആണ്. റോസ് മല എന്ന് കേൾക്കുമ്പോൾ നമ്മൾക്ക് തോന്നും റോസാപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന മലയാണെന്നു. പക്ഷെ അല്ലേ അല്ല, അതുക്കും മേലെ. നയനാനന്ദകരമായ കാഴ്ച.

അവിടെ എത്തുന്ന ഒരാൾക്ക് പോലും ഒരിക്കലും മറക്കാൻ പറ്റാതെ മനസ്സിൽ പതിഞ്ഞു പോകുന്ന കാഴ്ച. കേരളത്തിലെ ഒരു ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കാണാനാവാത്ത കാഴ്ച. ഒരു ചിത്രം വരച്ചത് പോലെ. ഹോ എനിക്ക് വർണിക്കാൻ അറിയില്ല. കണ്ടു തന്നെ മനസിലാക്കു. വ്യൂ പോയിന്റിൽ തണുത്ത കാറ്റുമേറ്റ് ഇരിക്കാം. ചുറ്റും മലകൾ. മലകൾക്കുള്ളിൽ നമ്മൾ. അപൂർവമായ ഒരു അനുഭവം.

ടൂറിസ്റ്റ് പ്ലേസ് അല്ലാതെയിരുന്നതിനാൽ അധികം സഞ്ചാരികൾ ആരും എത്തിപ്പെട്ടിട്ടില്ല.. ഇപ്പോൾ പകുതി ദൂരം റോഡ് ഇട്ടിട്ടുണ്ട്.. അല്ല ഇടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.. മിനഞ്ഞെന്നാണ് ആ റോഡ് പണി കഴിഞ്ഞത്. 4 ദിവസം മുന്നേ റോഡ് ഇട്ടുകൊണ്ടിരുന്ന രാത്രി ആ റോഡിലൂടെ നടന്നു പോയ ഒരു കടുവയുടെ കാൽപാടുകൾ അവിടുള്ളവർ കാണിച്ചു തന്നു. സിമെന്റ് ഉണങ്ങാതിരുന്നതിനാൽ സിമെന്റിൽ പതിഞ്ഞ പാടുകൾ… ഒരു ഉൾക്കിടലത്തോടെയേ അത് കാണാൻ ആയുള്ളൂ. അവിടിറങ്ങി നിന്നപ്പോൾ ആാാ ആജാനുബാഹുവായ കടുവ അടുത്തെവിടെയോ ഉണ്ടെന്നുള്ള ഫീൽ…. ഒറ്റയോട്ടത്തിനു വണ്ടിക്കുള്ളിൽ ഇരുന്നു. ആ ഇരുണ്ട വനാന്തരങ്ങളിൽ എവിടേയോ ഇരുന്നവൻ നമ്മളെ ചിലപ്പോൾ കാണുന്നുണ്ടാവാം.ഓടി വണ്ടിയിൽ കയറിക്കഴിഞ്ഞപ്പോൾ കാലിൽ എന്തോ ഒരു നീറ്റൽ പോലെ. അതെ ചോരകുടിയൻ കുളയട്ട കേറിപിടിച്ചിട്ടുണ്ട്. പിന്നെ ജീപ്പ് ഡ്രൈവറുടെന്നു തീപ്പട്ടിയൊക്കെ വാങ്ങി തീകത്തിച്ചു അതിനെ മാംസത്തിൽ നിന്നും വിടീപ്പിച്ചു. എന്തൊക്കെയായാലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു ഈ ട്രിപ്പ്‌

കൊല്ലം ചെങ്കോട്ട പാതയിൽ ആര്യങ്കാവിൽ നിന്നും കാട്ടിനുള്ളിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ അണിവിടം എത്തുന്നത്….കാറുകളിൽ പോകാൻ ആവില്ല.. ബൈക്കുകളിലോ ജീപ്പിലോ ആണ് നല്ലത്

1 thought on “ആര്യങ്കാവിലെ കൊടുംകാടും ത്രില്ലടിപ്പിക്കുന്ന ട്രെക്കിങ്ങും

Leave a Reply

Your email address will not be published. Required fields are marked *